സ്പര്‍ശനത്തില്‍ പാതി...




ആ നാലാം ക്ലാസുകാരികള്‍ ഉച്ചച്ചൂടു മറന്ന് നീലയും, വെള്ളയും യൂണിഫോമുകളില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ഇളകി മറിയുകയാണു. മിനിയെന്ന എന്റെ ആത്മമിത്രം പതിവു തെറ്റിച്ച്‌ ക്ലാസുമൂലയിലും, മരച്ചുവട്ടിലും കൂനികുത്തിയിരുന്നു. പഴയ സുമലതയുടെ ഛായയുള്ളവള്‍. ഒരുപക്ഷേ അതിനേക്കാള്‍ സുന്ദരി. ഒറ്റമകള്‍. അമ്മ കാലങ്ങളായി ഗള്‍ഫിലാണു. അഛന്‍ ഗവണ്‍മന്റ്‌ ഉദ്യോഗസ്ഥന്‍. വലിയ കൂട്ടുകുടുംബം. ഏവര്‍ക്കും പ്രിയപ്പെട്ടവള്‍. അവളാണീ ഇരിപ്പ്‌ ഇരിക്കുന്നത്‌. എത്രചോദിച്ചിട്ടും ഒന്നും മിണ്ടാതെ കണ്ണും നിറച്ചിരിക്കുകയാണു. തിരികെപോകുമ്പോള്‍ സ്കൂള്‍ബസ്സില്‍ വെച്ചാണാ രഹസ്യത്തിന്റെ കെട്ടഴിക്കുന്നത്‌. 'അഛന്‍ വീട്ടിലെ വേലക്കാരിയെ കെട്ടിപ്പിടിച്ച്‌, വേലക്കാര്‍ക്കായുള്ള ടോയ്‌ലറ്റിനു പിറകില്‍ നില്‍ക്കുന്നത്‌ അവള്‍ കണ്ടു. അതു പറഞ്ഞ്‌ കണ്ണു വീണ്ടും നിറഞ്ഞു,. 'ഒാ, വലിയ കാര്യമായിപ്പോയി' എന്നു പറയാന്‍ തോന്നിയെങ്കിലും പറഞ്ഞില്ല.ഒരു ആലിംഗനം. എത്ര നിസാരമായ ക്രിയ. അതിലിത്ര വിഷമിക്കാനെന്ത്‌? കൗമാരം മുതിര്‍ന്ന് യൗവ്വനത്തിലെത്തിയിട്ടും ആ സംഭവം മറന്നില്ല. എന്തിനായിരുന്നു അവള്‍ കരഞ്ഞത്‌? എന്നാല്‍ തിരിച്ചറിവിന്റെ പൊരുള്‍ പിടികിട്ടിയപ്പോഴേക്കും, കാലം മലകളും, ചതുപ്പു നിലങ്ങളും പിന്നിട്ടിരുന്നു.

ഒരാലിഗനം, ചുംബനം, ചെറുസ്പര്‍ശനം, അതെന്താണു? അതിലെന്തിരിക്കുന്നു?

"വചനം ദര്‍ശനത്തില്‍ പാതി സുഖം

ദര്‍ശനം സ്പര്‍ശനത്തില്‍ പാതി സുഖം

സ്പര്‍ശനം സുരതത്തില്‍ പാതി സുഖം

സുരതം സ്വപ്നത്തില്‍ പൂര്‍ണ്ണ സുഖം "

എന്ന പറച്ചിലില്‍ അല്‍പ്പം കാര്യമില്ലാതെയില്ല എന്നാണു മനസിലായിട്ടുള്ളത്‌.

തിരുവനന്തപുരത്തുനിന്ന് അഛനുമൊത്തു ചെങ്ങന്നൂരിലേക്കു ട്രയിനില്‍ വരികയാണു. ഒറ്റസീറ്റിലായിരുന്നു എന്റെ ഇരിപ്പ്‌. എതിര്‍സീറ്റില്‍ അപരിചിതനായ ഒരാള്‍. തീപ്പെട്ടിക്കൊള്ളികള്‍ അടുക്കിയിരിക്കുന്നതുപോലെ ജനം നില്‍ക്കുന്നു, ഇരിക്കുന്നു, കലമ്പുന്നു. കൂടാതെ വ്യാപാര സാധനങ്ങള്‍, ഭാണ്ഡകെട്ടുകള്‍. ഇരിപ്പിടത്തിലായിട്ടുകൂടി ശ്വാസം മുട്ടി. മുന്‍സീറ്റിലുള്ളവന്‍ കാല്‍വിരലുകള്‍, ചുവട്ടില്‍ തിങ്ങിനിറഞ്ഞ ഭാണ്ഡ കെട്ടുകള്‍ക്കിടയിലൂടെ എന്റെ കാല്‍വിരലില്‍ തൊട്ടുകൊണ്ട്‌ എന്നെ നോക്കി. ഞാനും നോക്കി. അയാളും ഞാനും കാലുകള്‍ പിന്‍വലിച്ചില്ല. യാത്രക്കാര്‍ ഇറങ്ങുന്നതും, തിരക്കൊഴിയുന്നതും ഞാനറിഞ്ഞില്ല.വയലുകളും, തോടുകളും കയറിയിറങ്ങിവന്ന കാറ്റ്‌ ഉറക്കത്തിലേക്കിട്ടിരുന്നു. മയക്കമുണര്‍ന്നപ്പോള്‍, അറിഞ്ഞു ചെരിപ്പഴിച്ചുവെച്ച, മാര്‍ദ്ദവമുള്ള അയാളുടെ ഇളം ചൂടുള്ള കാല്‍പാദത്തിനടിയില്‍ എന്റെ ഇടതു പാദം സുഖമായി വിശ്രമിക്കുന്നു. അതങ്ങനെ തന്നെയിരിക്കട്ടെയെന്നു ഞാന്‍ കരുതി. ഇടക്കൊന്നിളകിയിരിക്കണമെന്നു വിചാരിച്ചിട്ടുകൂടി പാദങ്ങള്‍ തമ്മിലുള്ള ചങ്ങാത്തംവേണ്ടായെന്നു വെക്കാനെനിക്കു വയ്യായിരുന്നു. ചെങ്ങന്നൂരെത്തുകയും, ഒരു നോട്ടവും, പാതി ചിരിയും കൊടുത്തു ഞാനിറങ്ങുകയും ചെയ്തു. ഒരുപക്ഷെ ആ യാത്ര എറണാകുളമോ, തൃശൂരോ വരെ നീണ്ടിരുന്നെങ്കില്‍ എനിക്കയാളോടു പ്രേമമുണ്ടായെനെ ! സഭ്യമല്ലാത്തതൊന്നും ആ സ്പര്‍ശനത്തില്‍ കണ്ടില്ല, അനുഭവിച്ചില്ല.


പണ്ട്‌ അവധിക്ക്‌ നാട്ടിലെത്തിയകാലത്ത്‌, മക്കള്‍ ചെറിയകുഞ്ഞുങ്ങളാണു. പഴയ വീടിന്റെ മച്ചില്‍ നിന്നുതിര്‍ന്നു വീഴുന്നപൊടിയും,ചൂടും അവരുടെ ഉറക്കം തടസപ്പെടുത്തിക്കൊണ്ടിരുന്നു. വളര്‍ന്ന വീടിന്റെ പരിസരം കണ്ടുറങ്ങകയെന്ന പഴയ പരിചയം പുതുക്കി ജനാലകള്‍ തുറന്നിട്ടുറങ്ങണമെന്നു ഭര്‍ത്താവ്‌ ശഠിച്ചു. പാതിരാ കഴിഞ്ഞിട്ടുണ്ടാവും കണ്ണഞ്ഞടഞ്ഞപ്പോള്‍. രാവു മുതിര്‍ന്നു വന്ന നേരത്ത്‌, ജനാലപ്പടിയിലേക്ക്‌ നീണ്ടിരുന്ന എന്റെ കൈത്തണ്ടയില്‍ ആരോ പിടിച്ചു. സ്വപ്നാടനത്തിലെന്നപോലെ ജനാലക്കടുത്തേക്കു മുഖമെത്തിച്ചു നോക്കിയ ഞാന്‍ മരണത്തെ മുന്നില്‍ കണ്ടപോലെ ഞെട്ടി. മുറ്റത്തെ ലൈറ്റില്ലാതെയായിരിക്കുന്നു. കനത്ത ഇരുട്ടില്‍ നിന്ന് ഇരുട്ടിനേക്കാള്‍ കറുത്തൊരു മുഖവും ഭയപ്പെടുത്തുന്ന കണ്ണുകളും എന്റെ നേരെ ഭീബല്‍സമായി നില്‍ക്കുന്നു. ശ്വാസം ഇല്ലാതായ നേരം. ശബ്ദം തിരികെപ്പിടിച്ചു ഭര്‍ത്താവിനെയുണര്‍ത്തി., ഭര്‍ത്താവ്‌ വീട്ടിലുള്ളവരെയുണര്‍ത്തി. കള്ളനായിരുവെന്നു എല്ലാവരും പരസ്പരം പറഞ്ഞു. പരുപരുത്ത സ്പര്‍ശമേറ്റ കൈത്തണ്ട തുടച്ചുതുടച്ച്‌ അനിഷ്ടത്തോടെ ഞാനിരുന്നു. ആ പിടുത്തം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അസ്വസ്ഥയാക്കുന്നു.


പരമമായ പുരുഷന്റെ ആകാരവും സൗന്ദര്യവും എങ്ങനെയിരിക്കണം? അവന്റെ സ്പര്‍ശനമെങ്ങനെയായിരിക്കണം? സ്ത്രീകളാണുത്തരം പറയേണ്ടത്‌. പല സ്ത്രീകളുടെയും ചിന്തകളും വീക്ഷണങ്ങളും, പ്രിയങ്ങളും വിവിധങ്ങളാണ്.

ബലൂണ്‍ വീര്‍പ്പിച്ചുകെട്ടിവെച്ച മാതിരി കൈമസിലുകളും, ആ മസിലുകളില്‍ സര്‍പ്പങ്ങളിഴയുന്നതുപോലെ കുറെ ഞരമ്പുകളും, ഒരു സാധാരണ മനുഷ്യന്‍ ഒരു മണിക്കൂറില്‍ ശ്വസിക്കേണ്ടുന്ന ജീവവായു ഒരു നിമിഷംകൊണ്ടു കയറ്റി നിറച്ചു വെച്ച നെഞ്ചുമാണു അടിവസ്ത്രങ്ങളുടെ പരസ്യങ്ങളില്‍ വരെ പുരുഷസൗന്ദര്യമായി പ്രദര്‍ശിപ്പിക്കുന്നതു. ഇമ്മാതിരി ബലൂണുകളും പാമ്പുകളും ഉരുണ്ടും ഓടിയും കളിക്കുന്നതു കണ്ടാല്‍ ശര്‍ദ്ദിക്കാനാണു വരിക (ഒരാള്‍ മാത്രം ശര്‍ദ്ദിച്ച്‌ എതിര്‍ത്തിട്ടു കാര്യമെന്ത്‌?) സ്നേഹിക്കാനറിയാവുന്നവനെന്തിനാണു മസില്‍? ഞരമ്പ്‌? ഒരു ഹൃദയവും അതില്‍ കുറെ ചോരയും, ചോരയില്‍ അല്‍പം കനിവും, ഭാര്യയാണു, കാമുകിയാണു, മകളാണു, അമ്മയാണു എന്ന ഉല്‍ക്കടമായ. ധാര്‍മ്മികമായ ആത്മാര്‍ത്ഥമായ സ്നേഹവും ആ സ്നേഹത്തില്‍ സത്യസന്ധതയുമാണു വേണ്ടത്‌.

പറഞ്ഞുവന്നത്‌ പുരുഷനെക്കുറിച്ചാണു, അവന്റെ സ്പര്‍ശനത്തെക്കുറിച്ച്കാണു അവന്റെ ആലിംഗനത്തെക്കുറിച്ചാണു, അതിലെ സത്യസന്ധതയെക്കുറിച്ചാണു. അതില്‍ കാമവും ലൈഗികതയുമൊക്കെ എത്രയോ ദൂരെയാണ്.


നടന്‍ മമ്മൂട്ടിയാണു മലയാള സിനിമയുടെ ആണത്വം എന്നു പലപ്പോഴും തോന്നിയിട്ടുണ്ടു. അദ്ദേഹം ചെയ്തതുകൊണ്ടു മാത്രം പൂര്‍ണ്ണമാക്കപ്പെട്ടുവെന്നോര്‍മ്മിപ്പിച്ച നിരവധി വേഷങ്ങള്‍. പുരുഷനെ കാണണെമെങ്കില്‍ എന്നെ നോക്കൂ എന്ന ആ അഹന്തയെ അംഗീകരിക്കരിക്കുന്നതുകൊണ്ടൊരു തെറ്റുമില്ല താനും. അഭിനയത്തികവിന്റെ അതിമൂര്‍ത്തഭാവങ്ങളാവാഹിച്ചു കഥാപാത്രങ്ങളെ സ്ക്രീനിലെത്തിക്കുന്ന അദ്ദേഹത്തിന്റെ ആലിംഗന രംഗങ്ങള്‍ പക്ഷേ തികഞ്ഞ സഹിഷ്ണത പരീക്ഷിക്കലാണെന്നു ആരും എന്തേ അദ്ദേഹത്തെ പറഞ്ഞു മനസിലാക്കാത്തത്‌? ആത്മാര്‍ത്ഥത തൊട്ടുതീണ്ടിയിട്ടില്ലാത്ത, കാഴ്ച്ചക്കാരെ കബളിപ്പിക്കലല്ലേയത്‌? നെഞ്ചിലേക്കു ചേര്‍ന്നു നില്‍ക്കുന്ന സ്ത്രീയെ എങ്ങും തൊടാതെ, ഇടതു കരം മെല്ലെയൊന്നു ചുറ്റി (ചുറ്റിയെന്നുപോലും പറയാന്‍ കഴിയില്ല) ശിരസ്സെങ്ങും മുട്ടാതെയുയര്‍ത്തിപ്പിടിച്ച്‌, വയര്‍ഭാഗം കൊണ്ടു നടിയെ ചേര്‍ത്തു പിടിക്കുന്ന ആ രീതി മാത്രം അംഗീകരിക്കാന്‍ വയ്യ. ഭാര്യയുടെയോ, സ്ത്രീ ആരാധികമാരുടെയോ അപ്രീതി വേണ്ടായെന്നു വെച്ചിട്ടാണോ ആവോ അങ്ങനെ? അവസരം കിട്ടിയ അപൂര്‍വ്വമായൊരു സമയത്തു എന്താണങ്ങനെയെന്നു ചോദിച്ചപ്പോള്‍, വലിയ വായില്‍ അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയില്‍ ഒരു തുറന്ന ചിരി മാത്രമായിരുന്നു ഉത്തരം. അങ്ങനെ പല ആരാധികമാരും ചോദിച്ചിട്ടുണ്ടാവാം. ഒരു ചിരി കൊണ്ട്‌ ഉത്തരം പറഞ്ഞു രക്ഷപെട്ടിട്ടുമുണ്ടാവാം. എന്തു ചെയ്യാം ആത്മാര്‍ത്ഥയില്ലാതെ പുണര്‍ന്നിട്ട്‌ കാര്യമില്ല. (നാട്യമാണെങ്കിലും).


"മനസിലായാലും കൊള്ളാം, ഇല്ലേലും കൊള്ളാം ഞാന്‍ അയാളെ ചുംബിച്ചു. അയാള്‍ വെല്ലുവിളി സ്വീകരിച്ചു തിരിച്ചും ചുംബിച്ചു. അയാളുടെ ചുംബനത്തെക്കുറിച്ചു പറഞ്ഞാല്‍ അതത്ര കേമമൊന്നുമല്ലായിരുന്നു അതു ഞാന്‍ ക്ഷമിച്ചു. പുരുഷന്‍ ചുണ്ടു കൊണ്ടു ചുംബിക്കരുത്‌, ആത്മാവു കൊണ്ടു ചുംബിക്കണം." പ്രിയപ്പെട്ട കഥകൃത്ത്‌ കെ.ആര്‍. മീരയുടെ വരികള്‍.(കരിനീല). എത്ര ഹൃദയപൂര്‍വ്വം പറയുന്നു.

പ്രണയത്തില്‍ സ്പര്‍ശനമുണ്ടോ? ദൈവികതയുണ്ടോ? വിരല്‍ത്തുമ്പില്‍പോലും തൊടാത്ത പ്രണയത്തില്‍ സത്യമുണ്ടോ? ഉണ്ടു, സര്‍വ്വവുമുണ്ട്‌. ചിലപ്പോഴൊക്കെ അതെല്ലാം അടിപടലെ കൈമോശം വന്നിരിക്കുന്നുവെന്നു തോന്നിപ്പിക്കുന്ന ഹീനതകള്‍ ചുറ്റും പരന്നു കിടക്കുന്നുണ്ട്‌. ശരീരമെത്രകണ്ട്‌ ആസക്തഭരിതമെങ്കിലും, പ്രണയമില്ലാതെ പര‍സ്പരാകര്‍ഷണമില്ലാതെ പുരുഷന്മാര്‍ എങ്ങനെയാണു സ്ത്രീകളെ പ്രാപിക്കുന്നതെന്നു ആശ്ചര്യം തോന്നിയിട്ടുണ്ട്‌. ചിലപ്പോഴൊക്കെ പ്രണയവും, ആസക്തിയും, ലൈംഗീകതയുമെല്ലാം പരസ്പര ബന്ധമില്ലാതെ കെട്ടുപിണഞ്ഞ വിരോധാഭാസങ്ങളാണ്.

സ്പര്‍ശനത്തെക്കുറിച്ച്‌, ആലിംഗനത്തെക്കുറിച്ച്‌, ചുംബനവേഗങ്ങളെക്കുറിച്ചൊക്കെ എഴുതിയിവിടെത്തുമ്പോള്‍, ഒരു പ്രണയ കാലത്തിന്റെ ത്രിസന്ധ്യയില്‍, ഗാഡ്ഡാലിംഗനത്തിന്റെ മൂര്‍ച്ചയില്‍ 'ഇങ്ങനെ നിന്ന് ശിലയാവാം നമ്മുക്ക്‌. കാലങ്ങള്‍ നമ്മുക്കുമേല്‍ പെയ്യട്ടെ' എന്ന ഒരശരീരിയുടെ പ്രതിധ്വനിയില്‍ ഇപ്പോഴും വിരലുകള്‍പൊള്ളുന്നു, കരള്‍ ത്രസിക്കുന്നു , ഉടല്‍ പനിക്കുന്നു. ആകസ്മികമായി തുറന്നുപോയി, പിന്നേയും ചങ്ങലയിലക്കിടേണ്ടി വന്ന ഹൃദയത്തിന്റെ രഹസ്യാറകളെന്നോടു പൊറുക്കട്ടെ. എന്നാണു ആദ്യന്ത്യം സത്യസന്ധമായി എഴുതാന്‍ കഴിയുക? ഭൂമിയിലെ സതി സവിത്രിമാരും, ശ്രീരാമന്മാരും തീര്‍ത്തും ഇല്ലാതാവുന്ന ഒരു കാലം എന്നാണു വരിക?


പ്രണയത്തില്‍ മാത്രമല്ല ആലിംഗനങ്ങളും ഉമ്മകളും കുരുങ്ങിക്കിടക്കുന്നത്‌. മകനു 45 ദിവസങ്ങള്‍ പ്രായമായതുമുതല്‍ ജോലിക്കാരി സ്ത്രീയെ ഏല്‍പ്പിച്ചാണു ഓഫിസില്‍ പോയിക്കൊണ്ടിരുന്നത്‌. തിരിച്ചറിവു തുടങ്ങിയതുമുതല്‍, അമ്മപോകുന്നതു കണ്ട്‌, ചിരിക്കാനൊന്നും ഇഷ്ടമില്ലാതിരുന്നിട്ടും ആ സ്ത്രീയുടെ ഒക്കത്തിരുന്ന് കുഞ്ഞിക്കൈകള്‍ വീശി അവനെന്നെ യാത്രയാക്കി. പടി കടക്കുന്നതിനു തൊട്ടുമുന്‍പു രണ്ടു കവിളത്തും മാറി മാറി ഓരോ ഉമ്മകള്‍ തരുന്നത്‌ അവന്റെ അന്നത്തെ ചെറിയ ജീവിതത്തിലെ ഏറ്റവും പ്രധാനമായ കര്‍ത്തവ്യമായിരുന്നു. ആ കെട്ടിപിടുത്തവും ഉമ്മവെക്കലും കണ്ടാല്‍ അമ്മ വളരെ നീണ്ടയേതോ യാത്രപോവുകയാണെന്നു തോന്നിപ്പിച്ചിരുന്നു. ഒരിക്കല്‍ പതിവുചര്യ തെറ്റി, ഉമ്മ മേടിക്കാനും കൊടുക്കാനും വിട്ടുപോയി, അന്നു ഉച്ചക്കുള്ളില്‍ ജോലിക്കാരി സ്ത്രീ നിരവധി തവണ ഫോണ്‍ ചെയ്തു., അമ്മ ഉമ്മ തന്നില്ലാന്നു കുഞ്ഞുവാക്കുകളില്‍ പറഞ്ഞ്‌ രാവിലെ തുടങ്ങിയ കരച്ചിലാണു., ഓര്‍ത്തോര്‍ത്തുള്ള കരച്ചില്‍., എനിക്കു പിടഞ്ഞു. ഉച്ചക്കു വീട്ടിലെത്തി കരഞ്ഞ്‌ കരഞ്ഞ്‌ ആകെ ചുവന്നുപോയ അവനെ വാരിയെടുക്കുകയും ഉമ്മകള്‍ കൊണ്ടു മൂടുകയും അവന്റെ ഇളം ചുവന്ന മുഖം നിറയെ ചിരി വന്നു കയറുകയും ചെയ്തിട്ടും എന്നിലെ അമ്മയ്ക്കു വിങ്ങലടങ്ങിയില്ല. ഇപ്പോളവന്‍ 13 വയസുകാരനായി അമ്മയോളം വളര്‍ന്നു. എന്നിട്ടും അമ്മ അവനെ തനിച്ചാക്കി പോകുമ്പോള്‍ മറക്കാതെ കൊടുക്കുന്ന ഉമ്മകള്‍ അവനു ചുറ്റും നിര്‍ത്തുന്ന കാവല്‍ മാലാഖമാരാകുന്നുവെന്നു അവനറിയുന്നുവോ? ഇതു വരെയുള്ള ജീവിതത്തില്‍ എന്റെ ഉമ്മകള്‍ക്കു അനാവശ്യപ്രാധാന്യം ഉണ്ടന്നു തെളിയിച്ച്‌ അവനെന്നെ വഷളാക്കിയിരിക്കുന്നു.

വായന, അനുഭവം, എഴുത്ത്

video

കണ്ടറിയാത്തവന്‍ കൊണ്ടറിഞ്ഞ്‌ മലയാളത്തെ അനുഭവിക്കട്ടെ


അമേരിക്കന്‍ ഐക്ക്യനാടുകളിലെ കെന്റുക്കി-യില്‍ നിന്ന് എത്തിയതായിരുന്നു അവര്‍. ജസ്റ്റിന്‍, കാലെബ്‌, ജോനാഥാന്‍, കൂടെ എലന്‍ഗോയന്‍ എന്ന തമിഴ്‌ ഡോക്ടറും. ലക്ഷക്കണക്കിനു രൂപയുടെ മരുന്നുകളുമായി വടക്കെ ഇന്‍ഡ്യയില്‍ വന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ നടത്തിയശേഷം, കേരളം കാണാനെത്തിയ വിദേശികള്‍. ഭര്‍ത്താവിന്റെ ജ്യേഷ്ടസഹോദരന്റെ സുഹൃത്തുകളായിരുന്നവര്‍. രണ്ടു ദിവസം വീട്ടില്‍ അതിഥികളായെത്തിയ സായിപ്പന്മാരെക്കണ്ട്‌ ഇവരെന്തു തിന്നും എന്തു കുടിക്കുമെന്നു ആധിപിടിച്ച എന്നോടു ജ്യേഷ്ടന്‍ പറഞ്ഞത്‌ അവര്‍ക്കു സാമ്പാറും, അവിയലും, കരിമീന്‍ പൊള്ളിച്ചതും കൂട്ടി ചോറു വേണമെന്നായിരുന്നു. ആകെ അത്ഭുതസ്തംബ്ദയാക്കിക്കൊണ്ടു അവര്‍ തീന്മേശമേല്‍ കൈവിരലുകള്‍കൊണ്ടു ചോറു വാരിക്കഴിച്ചു.(ചേര്‍ത്തുപിടിക്കാതിരുന്ന വിരലുകള്‍ക്കിടയിലൂടെ ചോറു ഊര്‍ന്നുപോകുന്നുണ്ടായിരുന്നു). മുരിങ്ങക്കോല്‍ വരെ ചവച്ചരച്ച്‌ വിഴുങ്ങുന്നതുകണ്ട്‌ എനിക്ക്‌ ചിരി വന്നു. വെള്ള പൈജാമയും കുര്‍ത്തയും ധരിച്ച്‌ യാത്രകള്‍ നടത്തി. പ്രഭാതനടത്തക്കു അടുത്തുള്ള വഴികളിലൂടെ നടക്കുന്നതില്‍ വിരോധമുണ്ടോയെന്നു അനുവാദം ചോദിച്ചു. ഒരോ പ്രവര്‍ത്തിയിലൂടെയും, പെരുമാറ്റച്ചട്ടങ്ങളുടെ രാജാക്കന്മാരാണവരെന്നു തോന്നിപ്പിച്ചു. കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളവും, ഉറങ്ങുമ്പോള്‍ കൊതുകുവലയുംവേണമെന്ന നിര്‍ബന്ധമേ അവര്‍ക്കുണ്ടായിരുന്നുള്ളു. രാവേറെ ചെല്ലുവോളം അവര്‍ ഭര്‍ത്താവിനോടും, ഭര്‍തൃസഹോദരനോടും കേരളത്തെക്കുറിച്ചും, മലയാളത്തെക്കുറിച്ചും സംസാരിച്ചിരുന്നു. അമ്മായിയമ്മയുടെ പരമ്പരാഗതവേഷമായ ചട്ടയും മുണ്ടും സാകൂതം നോക്കിയിരുന്ന് അതെക്കുറിച്ചുള്ള സംശയങ്ങള്‍ (എത്ര കഷണങ്ങള്‍ ആണു? വെള്ളനിറത്തില്‍ മാത്രമെ ഉള്ളോ? എന്നിങ്ങനെ..) ദൂരീകരിച്ചു. അറിയുന്നതൊന്നും മതിയാകുന്നില്ല എന്നു ധ്വനിപ്പിക്കുന്ന മുഖത്ത്‌ വിസ്മയങ്ങളെപ്പോഴും ബാക്കി വെച്ചു.



രണ്ടു ദിവസങ്ങളെത്ര പെട്ടന്നു നടന്നുപോയി. യാത്രയായ നേരത്ത്‌ കൂട്ടത്തില്‍ ഓമനമുഖമുള്ള ജസ്റ്റിന്‍ രഹസ്യത്തില്‍ ഒരാഗ്രഹം ഭര്‍ത്താവിനോട്‌ പറഞ്ഞു, 'ഒരു മലയാളി പെണ്‍കുട്ടിയെ വിവാഹം കഴിക്കുമെന്ന്'. വീണ്ടും കാണാമെന്നു പറഞ്ഞ്‌ കാലങ്ങള്‍ പഴക്കമുള്ള സുഹൃത്തുക്കള്‍ പിരിയുന്നതുപോലെ അവര്‍ പോയി.



എന്തു കണ്ടിട്ടാണവര്‍ മലയാളത്തെ ഇത്ര കണ്ടിഷ്ടപ്പെടുന്നത്‌? നെഞ്ചു കീറിക്കിടക്കുന്ന റോഡുകളെ കണ്ടിട്ടോ? ആര്‍ക്കാണ്ടും വേണ്ടി തെളിയുന്ന വഴിവിളക്കുകളെ കണ്ടിട്ടോ? കക്ഷികള്‍ മാറിമാറി ഭരിച്ചു മുടിക്കുന്ന രാഷ്ട്രീയം കണ്ടിട്ടോ? അയല്‍പക്കത്തെ മരങ്ങള്‍ നമ്മുടെ മുറ്റത്തേക്കു നോക്കിയെന്ന പേരിലും. പൊഴിച്ചിടുന്ന ഇലകളുടെ പേരിലും വരെ തമ്മിലടിക്കുന്ന അയല്‍പക്കസ്നേഹത്തെ കണ്ടിട്ടോ? 15-ഉം,16-ഉം പ്രായമായ കന്യകമാരെ തട്ടിക്കൊണ്ടുപോയി കിലോമീറ്ററുകളോളം യാത്രചെയ്യിച്ച്‌ ഭോഗിക്കുന്നതു അവരറിയുന്നില്ലേ?



മണല്‍കാട്ടിലിരുന്ന് ഈ കുറിപ്പെഴുതുമ്പോള്‍ എന്താണു എനിക്ക്‌ മലയാളമെന്ന ചോദ്യം വെറുതെ കയറിവന്നു.



പ്രവാസം എന്നെ സംബന്ധിച്ചടത്തോളം ഒരു പറിച്ചുനടലല്ല. ഈമണലിലെന്റെ പാദങ്ങള്‍ പൂണ്ടുപോയിരിക്കുന്നു. 60-കളില്‍ മുത്തഛന്‍ കള്ളലോഞ്ചുകയറി അറേബ്യന്‍ മണലില്‍ കാലുകുത്തിയപ്പോള്‍ അദ്ദേഹം ഓര്‍ത്തിരുന്നുവോ മക്കളും, ചെറുമക്കളും, അവരുടെ മക്കളും ഈ മരുഭൂമിയുടെ സന്തതികളായി മാറുമെന്ന്?



പണ്ടു ആത്മസുഹൃത്ത്‌ അയച്ച കത്തില്‍ ചോദിച്ചു 'നീയെന്താണു നാട്ടില്‍ സ്ഥിരതാമസമാക്കത്തത്‌? ഒരു ജോലി കിട്ടാന്‍ പ്രയാസമുണ്ടാവില്ല, മലയാളത്തിന്റെ പച്ചപ്പു കണ്ടുണരാം. കുട്ടികള്‍ക്ക്‌ ഇവിടെ പഠിക്കാമല്ലോ. മറുപടി ഇങ്ങനെ എഴുതി, മലയാളം ഹൃദയത്തിലുണ്ടു, പിന്നെ പവ്വര്‍കട്ട്‌, പാമ്പുകള്‍, പാമ്പുകളെക്കാള്‍ വിഷമുള്ള മനുഷ്യര്‍. എനിക്കിവിടം മതി. സമാധാനമുണ്ട്‌.



നാടെന്ന ഓര്‍മ്മയുടെ സുഭഗത. അതാണുസുഖം. ഈരണ്ടുവര്‍ഷങ്ങള്‍ തികയുമ്പോള്‍, കിട്ടുന്ന അവധി. ചുരംചുറ്റിയെത്തുന്ന തണുത്ത കാറ്റുപോലെ 30 ദിവസങ്ങള്‍ കൂടിയാല്‍ 45. അതു തീര്‍ന്നാല്‍ തിരികെ പറന്നേക്കണം. അല്ലെങ്കില്‍ യാഥാര്‍ത്ഥ്യങ്ങളുടെ ചാരക്കൂനകളെ കാണേണ്ടിവരുന്നു. വെറും ചാരമല്ല, ഉള്ളില്‍ അണയാതെ കിടക്കുന്ന കനല്‍ചിന്തുകളില്‍പ്പെട്ടു വെന്തുപോയേക്കാം. എന്തൊക്കെ വൈതരണികളാണു നാം മറികടക്കേണ്ടി വരുന്നത്‌?



അത്യാവശ്യം ഷോപ്പിങ്ങിനു പോകാന്‍, ഒരു ഓട്ടോ പിടിക്കാന്‍, ബാങ്ക്‌ ലോണ്‍ വേണമെങ്കില്‍, വെള്ളത്തിനോ, കറന്റിനോ കണക്ഷന്‍ കിട്ടണമെങ്കില്‍, താലൂക്കാഫിസില്‍നിന്നോ, മുനിസിപ്പാലിറ്റിയില്‍ നിന്നോ ഒരു ഒപ്പ്‌ വെണമെങ്കില്‍, എന്തിനധികം, കെ.ജി,ക്ലാസിലേക്കു കുട്ടിക്കൊരു സീറ്റ്‌ തരപ്പെടണമെങ്കില്‍ കൂടി ആരെയൊക്കെ താണു തൊഴുതു, എത്ര സാറന്മാര്‍ക്ക്‌ കൈക്കൂലി വിതരണം നടത്തി, ശരീരവും, മനസും കാര്യമായൊന്നലയാതെ വീട്ടില്‍ തിരികെയെത്താന്‍ കഴിയുന്നവന്‍ മഹാഭാഗ്യവാനാണു.




മലയാളത്തിന്റെ നന്മകള്‍ മാത്രമറിഞ്ഞു ഇവിടെ വളരുന്ന കുട്ടികള്‍. നാടിന്റെ സമ്മോഹനമായ ഓര്‍മ്മകളുടെ അതിപ്രസരങ്ങള്‍ എന്തൊക്കെയാണു? കോടി നക്ഷത്രങ്ങള്‍ പൂത്തു നിന്ന രാത്രിയില്‍, രാത്രിയേക്കാള്‍ ഇരുട്ടു വീഴ്ത്തുന്ന റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ അലയാനെത്തിയ നൂറുകണക്കിനു മിന്നാമിനുങ്ങുകളെക്കണ്ട്‌ 7വയസുകാരന്‍ മകന്‍ കവിത മൂളിയതോ?



ടി.വി-യില്‍ കണ്ടു കണ്ടു ഉത്സാഹമുണര്‍ത്തിയ വീഗലാന്റിലെ ഒരു ദിവസമോ?



സഹപ്രവര്‍ത്തകര്‍ പറഞ്ഞു കൊതിപ്പിച്ച മൂന്നാറിലെ മഞ്ഞുമലകളിലെ രണ്ടു ദിനങ്ങള്‍.



ഇന്റ്യാ മഹാസമുദ്രവും, ബംഗാള്‍ ഉള്‍ക്കടലും, അറബിയന്‍ സമുദ്രവും സംഗമിക്കുന്ന കന്യാകുമരിയിലെ ഒരു ചുവന്ന സന്ധ്യ..



പിന്നീടെന്ത്‌? അഛനമ്മമാരെ കണ്ടു. ബന്ധുവീടുകള്‍ സന്ദര്‍ശിച്ചു. സൗന്ദര്യം നിറഞ്ഞ ഭൂപ്രദേശങ്ങള്‍ അത്യാവശ്യം കണ്ടു. കൈയ്യിലെ പണവും തീര്‍ന്നു. ഇനിയെന്ത്‌?



കൊതുകുകള്‍ കുത്തി നീരുവെച്ച ശരീരവും, ചൊറിവന്ന കൈകാലുകളുമായി, ഉത്സാഹമസ്തമിച്ച്‌ നിസംഗരായി മൗനത്തിലെക്കു വീഴുന്ന കുട്ടികള്‍. എല്ലാവര്‍ക്കും ആകപ്പാടെ അസ്വസ്ഥത.



ആളൊന്നിനു ഓരോ മുറികള്‍ വീതമുള്ള വീടും, വിശാലമായ മുറ്റവും വിട്ട്‌, നമ്മുടെ സ്വന്തം പ്രവാസത്തിലെ രണ്ടുമുറികളിലേക്കു തിരികെയെത്തുമ്പോള്‍ നഷ്ടബോധത്തിനു പകരം പിക്‍നിക്‌ തീര്‍ന്നെത്തിയ ആശ്വാസം മാത്രം



ഒരു ബന്ധു പറയുന്നു 'എയര്‍ ഇന്റ്യ വിമനത്തിലിരുന്നു പച്ചത്തലകളാട്ടി ക്ഷണിക്കുന്ന തിരുവന്തപുരം എത്ര ഭംഗിയാണെന്ന്. അതെ. എന്നിട്ട്‌ അതേ വിമാനത്തില്‍ തിരികെ പോരുന്നതാണു അതിലും ഭംഗിയെന്ന് ആരോടാണു പറയുക?



എന്നാണു ഇവിടെനിന്നൊരു മടക്കം എന്ന് ചിലരൊക്കെ ചോദിക്കുമ്പോള്‍ ഒരു ചിരി കൊണ്ടു ഉത്തരം പറഞ്ഞു സമാധാനിക്കും. 5 സെന്റ്‌ ഭൂമി താങ്ങുവിലക്കു ലഭിച്ചിരുന്നെകില്‍ ഇവിടെ ഒരുവീടുകെട്ടാമായിരുന്നുവെന്ന് രഹസ്യമായെങ്കിലും ആഗ്രഹിക്കാത്ത എത്ര മലയാളികള്‍ ഉണ്ടാകും? പോസ്റ്റ്‌ കാര്‍ഡ്‌ മില്ലിയനേര്‍ ടിക്കറ്റും, ഡൂട്ടി ഫ്രീ ടിക്കറ്റും എടുക്കുമ്പോഴത്തെ രഹസ്യമായ പേടി ഇതെങ്ങാന്‍ അടിച്ചു പോയാല്‍ ഈ ദേശം ഇട്ടെറിഞ്ഞ്‌ പോകേണ്ടി വരുമോ എന്നതാണു. (ഭാഗ്യം കൊണ്ടാവും അങ്ങനെയൊന്നും നടക്കത്തത്‌)



പറഞ്ഞുതുടങ്ങിയത്‌ കേരളത്തെ സ്നേഹിച്ച്‌ എത്തിയ ചിലരെക്കുറിച്ചാണു. ജസ്റ്റിന്റെ ആഗ്രഹം പോലെ സുന്ദരിയായ ഒരു മലയാളിക്കുട്ടിയെ അയാള്‍ വിവാഹം കഴിച്ച്‌ കുറെ കുട്ടികളും ജനിച്ച്‌ ദൈവത്തിന്റെ സ്വന്തം സ്ഥലത്ത്‌ ജീവിച്ചു തുടങ്ങട്ടെ. കണ്ടറിയാത്തവന്‍ കൊണ്ടറിഞ്ഞ്‌ മലയാളത്തെ അനുഭവിക്കട്ടെ.

കത്തുകളില്ലാത്ത ലോകത്തില്‍ നിന്ന് !!!




ഴിഞ്ഞയാഴ്ചയാണു, മോള്‍ക്ക്‌ എന്നു വിളിച്ച്‌ അമ്മയുടെ കത്തു വന്നത്‌. ഒപ്പം മരുമകനു പ്രിയപ്പെട്ട മാമ്പഴം ഉപ്പിലിട്ടത്‌, പേരക്കുട്ടികള്‍ക്ക്‌ മധുര പദാര്‍ത്ഥങ്ങള്‍. എത്ര കാലം കൂടിയാണു മലയാള കയ്യെഴുത്തക്ഷരങ്ങള്‍ കാണുന്നത്‌. കത്തും മടിയില്‍ വെച്ച്‌ അതില്‍ തന്നെനോക്കി ഞാനിരുന്നു. പഴയകാല മലയാളം മാഷിന്റെ ചെറുമകളുടെ അക്ഷരങ്ങളില്‍ വൃത്തിയും വടിവും തെളിഞ്ഞു കിടന്നു.
പോസ്റ്റ്ബോക്സ്‌ തുറക്കുമ്പോള്‍ 'ഇത്തിസലാറ്റ്‌' ബില്ലുകള്‍ക്കും ബാങ്ക്‌ സ്റ്റേറ്റ്‌മെന്റ്‌കള്‍ക്കുമിടയില്‍ 'നിനക്ക്‌ സുഖമാണോ' എന്നു ചോദിച്ച്‌ ഒരു കത്ത്‌? ആരുടെയെങ്കിലും? ഇല്ല. ഒന്നുമുണ്ടാവില്ല. കത്തെഴുതാനും വായിക്കാനും ആര്‍ക്കാണു നേരം? എല്ലാവരും തിരക്കിലാണു. 20 വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന അതേ ലോകം, അതേ മനുഷ്യര്‍. ഇന്റര്‍നെറ്റും, ടെലഫോണും വന്നതു കൊണ്ടാണോ? ടെക്‍നോളൊജി വളര്‍ന്നതു കൊണ്ടാണോ? എന്തുകൊണ്ടാണു ലോകമിങ്ങനെ കീഴ്മേല്‍ മറിയുന്നത്‌? എനിക്കും വേണം ഒരു ഇ-മെയില്‍ ഐ.ഡി എന്നു പത്തു വയസുകാരനായ മകന്‍ വാശിപിടിച്ചു. ഏതെങ്കിലും ഒരുകാലത്ത്‌ കത്തുകള്‍ വരുമെന്ന് അവനും ഇപ്പോഴേ പ്രതീക്ഷിക്കുന്നുണ്ട്‌.ഒരു തുണ്ട്‌ കടലാസ്‌, നീലമഷിയില്‍ കുറെ അക്ഷരങ്ങള്‍. ഒരാളുടെ ഓര്‍മ്മയില്‍ നാം പത്തു മിനിറ്റു നേരമെങ്കിലും നിറയുന്നുവെന്ന ചിന്ത. എത്ര സുഖകരമായ അനുഭവം.

എം.സി റോഡിനു തൊട്ടരികെയാണു വീട്‌. വീടിനു പിറകില്‍ മുറ്റമുണ്ട്‌. മുറ്റം നിറയെ തണല്‍ തന്ന് കേമനായ പുളിമരമുണ്ട്‌. അതിനും തൊട്ടു താഴെ നീണ്ടു നിവര്‍ന്നു പാടം കിടക്കുന്നു. പാടത്തെ ചുറ്റി തെളി നീര്‍ നിറഞ്ഞ തോട്‌. തോട്ടില്‍ നിറയെ പൊടിമീനുകള്‍ മറിയുന്നുണ്ട്. ആ തോടിനരികെ, പുളിമരത്തിനു കീഴെ കസേരയിട്ട്‌ പരീക്ഷയ്ക്കു പഠിക്കുകയായിരുന്നു ഞാന്‍. താഴെ പായില്‍ പുസ്തകങ്ങള്‍ ചിതറിക്കിടക്കുന്നു. പത്താം ക്ലാസിന്റെ മദ്ധ്യവേനല്‍പരീക്ഷയാണ്.അപ്പോഴാണു ഷാജി വന്നത്‌. ചെറുപ്പം മുതലേ കൂട്ടുകാരന്‍. പ്രീഡിഗ്രിക്കു പഠിക്കുന്നവന്‍. ടീച്ചറായ അവന്റെ അമ്മയും വീട്ടമ്മയായ എന്റെ അമ്മയും സുഹൃത്തുക്കളാണ്. ഇരുവീട്ടുകാരും തമ്മില്‍ ആഴമേറിയ സൗഹൃദത്തിലാണു്. എന്റെ അമ്മക്കു പ്രിയപ്പെട്ട കുട്ടിയായിരുന്നവന്‍. പഠിച്ചുതീര്‍ത്ത ഗൈഡുകളും, റെഫര്‍ ചെയ്യാന്‍ പഴയ ചോദ്യപേപ്പറുകളും മറ്റും എത്തിക്കുകയും ചെയ്ത്, എന്റെ പഠനത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തിരുന്നു. പൊതുവേ ഗൗരവ പ്രകൃതക്കാരന്‍.ആ ഷാജിയാണു മുന്‍പില്‍.'എങ്ങനെയുണ്ട്‌ നിന്റെ പഠിത്തം?' കാരണവരുടെ അധികാരത്തോടെയാണു ചോദ്യം.'കാണാന്‍ വയ്യേ? ഇങ്ങനെ പോകുന്നു" പുസ്തകങ്ങളെ നീരസത്തോടെ ചൂണ്ടി ഞാന്‍ പറഞ്ഞു.'നിന്നോടൊരു കാര്യം പറയാനുണ്ട്‌.' ശബ്ദം താഴ്ത്തിയവന്‍ അറിയിച്ചു.'എന്താത്‌?''അല്ലെങ്കില്‍ വേണ്ട, പരീക്ഷ കഴിയട്ടെ. കോണ്‍സന്‍‌ട്രേഷന്‍ കളയണ്ട'.പറയടാ, പറയടാ-യെന്ന് പുറകെ തൂങ്ങിയെങ്കിലും, 'കാര്യം' പറയാതെ അതുവരെ കാണാത്തൊരു ചിരിയും ചിരിച്ചവന്‍ പോകുകയും അന്നു തന്നെ ഞാനതു മറക്കുകയും ചെയ്തു. പരീക്ഷകാലം കഴിഞ്ഞ്‌, അവധിക്കാലം ആഘോഷിച്ചു തുടങ്ങുകയും ചെയ്തൊരു ദിവസം, രണ്ടായി മടക്കിയൊരു വെള്ള എന്‍വെലെപ്‌ അമ്മകാണാതെ എന്റെ കയ്യില്‍ വെച്ച്‌ അവന്‍ പോയി. കവര്‍ പൊട്ടിക്കാതെ തന്നെ ഉള്ളടക്കം ഊഹിച്ച്‌ തലയില്‍ വെള്ളിടി വെട്ടി. അമ്മയെങ്ങാന്‍ അറിഞ്ഞാല്‍!! ആവശ്യത്തിനും, അനാവശത്തിനും, കാര്യമായും, അകാരണമായും അമ്മ പറയാറുള്ള വാക്കുകള്‍ ഓര്‍മ്മ വന്നു. 'വല്ല പേരുദോഷവും കേള്‍പ്പിച്ചാല്‍! ഒറ്റയെ ഒലക്ക കൊണ്ടാണെന്ന ഓര്‍മ്മ വേണം!! (ഒരു പക്ഷേ അമ്മ 'മോളേ' എന്നു വിളിച്ചിട്ടുള്ളതില്‍ കൂടുതല്‍ പറഞ്ഞിട്ടുള്ളത്‌ ഇമ്മാതിരി ഭീഷണികളാണു്). കത്തു കൈയ്യിലിരുന്നു വിറച്ചു. ആകെപ്പാടെയുണ്ടായിരുന്ന കൂട്ടുകാരി മിനിയുടെ വീട്ടിലേക്കോടി. തൊട്ടയലത്താണവളുടെ വീട്‌. കിതപ്പടക്കി ശ്വസമടക്കി അവളോടു പറഞ്ഞു, 'നമ്മുടെ ഷാജി തന്നതാണു്, എനിക്കു പേടിയാണു്, നീ വായിച്ചു എന്താണു കാര്യമെന്നു എന്നോടു പറയൂ എന്നു പറഞ്ഞു വീട്ടില്‍ തിരിച്ചെത്തി, അവളുടെ വരവും കാത്ത്‌, കാലു വെന്ത നായെ പോലെയുലാത്തിക്കൊണ്ടിരുന്നു. അക്ഷമയുടെ ആയുസിനറുതിവരുത്തിയെത്തിയവള്‍ വന്നു.
എന്താണു്? എന്താണവന്‍ എഴുതിയിരുന്നത്‌? ഉദ്വേഗപൂര്‍വം ഞാന്‍ ചോദിച്ചു.'ഓ! അവനു നിന്നെയിഷ്ടമാണെന്നു"ലാഘവത്തോടെ, വളരെ നിസാരമായി അവള്‍ പറഞ്ഞു.'എന്നിട്ടു കത്തെവിടെ?''അതു കീറിക്കളഞ്ഞു'. അലസതയോടെ അവള്‍ പ്രതികരിച്ചു.ദുഷ്ട!! അല്ലാതെയെന്തു പറയാന്‍.
പ്രിയപ്പെട്ട കഥാകൃത്തിന്റെ കഥകള്‍ വായിച്ച്‌, വായിച്ചു ഭ്രാന്തു വന്നു വിളിച്ചതാണദ്ദേഹത്തെ. സ്നേഹം കൂടി വീണ്ടും വീണ്ടും വിളിച്ചു. ഒരു ദിവസം അദ്ദേഹം പറഞ്ഞു. 'നീയൊരു കത്തയക്കൂ. കൈയ്യക്ഷരം കാണട്ടെ, ആളെ പിടികിട്ടുമല്ലോ. ആ വാക്കുകളെനിക്കു നന്നായി ബോധിക്കുകയും കത്തയക്കുകയും ചെയ്തു.
കുറെ നാളുകള്‍ക്കു മുന്‍പ്‌, ബാല്‍ക്കണിയില്‍ പൂവിട്ടു നിന്ന മുല്ലയില്‍ നിന്ന് സൂക്ഷ്മമായി അടര്‍ത്തിയെടുത്ത ഒരു പൂവു കത്തിനുള്ളിലിട്ട് സുഹൃത്തിനയച്ചു എനിക്കു നിന്നോടുള്ള സ്നേഹം ഈ പൂവു പോലെ സുഗന്ധപൂരിതവും നിര്‍മ്മലവും, പവിത്രവുമാണെന്നു അവന്‍ മനസിലാക്കിയിരുന്നുവോ? ഉവ്വെന്നു പിന്നീടു കാലം പറഞ്ഞുതന്നു.


ദിവസത്തിന്റെ 24 മണിക്കൂറും ഫോണില്‍ സംസാരിച്ചിട്ടും ഞാന്‍ അവനോടു പറഞ്ഞു "എത്ര നാളായി നീയൊരു കത്തെഴുതിയിട്ട്‌? ഒരെണ്ണം എഴുതി ഫാക്സ്‌ ചെയ്യൂ' 5 പേജ്‌ നിറയെ വേണമെന്നും, അക്ഷരങ്ങള്‍ കഴിയുന്നത്ര ചെറുതായിരിക്കണമെന്നു പ്രത്യേകം ഓര്‍മപ്പെടുത്തുകയും ചെയ്യും.
എനിക്കു നിന്നോടു പ്രണയമുണ്ടെന്ന് ഒരാള്‍ ഫോണില്‍ പറഞ്ഞാല്‍ കേട്ടില്ലാന്നു നടിക്കാം, ഇ-മെയില്‍ അയച്ചാല്‍ ഡിലേറ്റ്‌ ചെയ്തു രസിക്കാം. നീലമഷിയില്‍ കത്തെഴുതി അയച്ചാല്‍ എനിക്കു ഗൂഢമായ ചിരി വരും. വിധേയത്വമുണ്ടാവും.


ജീവിതകാലത്തൊരിക്കലും നിനക്കു മനഃസമാധാനം ഉണ്ടാകാതിരിക്കട്ടെ എന്നോര്‍മിപ്പിച്ചു വന്ന ഒരു കത്ത്‌.എത്ര ആഞ്ഞു നിശ്വസിച്ചാലും, പറിഞ്ഞു പോകാതെ നെഞ്ചിലുടക്കി കിടക്കുന്ന കല്ലാണു നീയെന്നും എല്ലാ രാത്രിയിലും, 10 മണിക്കു ആകാശത്തേക്ക്‌ നോക്കൂ, ആദ്യം കാണുന്ന മേഘത്തുണ്ടില്‍ നിനക്കുള്ള എന്റെ സന്ദേശമുണ്ടാവും എന്നും മറ്റും കുറിച്ചുവന്നൊരു കത്ത്‌. നാലഞ്ചാവര്‍ത്തി വായിച്ച്‌, നൂറു ടണ്‍ ഭാരമേറിയ വ്യഥയോടെ, കത്തു ചുരുട്ടി ക്ലോസെറ്റിലിട്ട്‌ ഫ്ലഷ് ചെയ്തു. കുടുംബമാണു വലുതെന്നോര്‍ത്ത്‌, ദാമ്പത്യമെന്ന ചില്ലുകൊട്ടാരം വാരി ചേര്‍ത്തു പിടിച്ചു. എന്നാല്‍ ജീവിതത്തിന്റെ കുട മടക്കി, മരണത്തിന്റെ മഴയിലേക്കു സ്വയം ഇറങ്ങുന്നതിനു മുന്‍പെഴുതിയ ആ കത്തിന്റെ വില എത്ര ക്ലോസെറ്റുകളില്‍ മുങ്ങിത്തപ്പിയാലാണു കിട്ടുന്നത്‌? സ്വര്‍ഗ്ഗത്തിന്റെ ഏതെങ്കിലും മുറിയിലിരുന്ന് അവന്‍ കത്തുകളെഴുതുന്നുണ്ടാവും. ഒരു പോസ്റ്റുമാനെ തേടിയലയുന്നുണ്ടാവും. ഒന്നിനും കഴിയാതെ മേഘങ്ങളില്‍ കുത്തിക്കുറിക്കുന്നുണ്ടവും. അതു വായിക്കാന്‍ സമയമില്ലാതെ ഞാന്‍ മകള്‍ക്കു പാലു കൊടുക്കുന്നുണ്ടാവും, ഭര്‍ത്താവിന്റെ ഷര്‍ട്ടുകള്‍ ഇസ്തിരിയിടുന്നുണ്ടാവും. ജീവിച്ചിരിക്കുന്നവരാണു മരിച്ചവരേക്കാള്‍ ദയ അര്‍ഹിക്കുന്നവരെന്നു കപടമായി ചിന്തിക്കുകയും ചെയ്യും.

സ്‌ത്രീയുടെ കയ്യൊപ്പ്




"സ്ത്രീകള്‍ പൊതുവെ അബലകളാണന്നാണു വെയ്പ്പ്‌. (അങ്ങനെയല്ലെങ്കിലും). ചോറും കറികളും വെയ്ക്കലും, പുരുഷന്റെ ഭോഗേഛകള്‍ക്കു വഴങ്ങിക്കൊടുക്കലും, വര്‍ഷാ വര്‍ഷം മക്കളെ പ്രസവിച്ചു കുടുംബം നിലനിര്‍ത്തലും, അതേ പുരുഷന്റെതന്നെ മൃഗീയമര്‍ദ്ദനങ്ങള്‍ക്കും, പീഡനങ്ങള്‍ക്കുമിരയാകുവാനുള്ള ബഹുമതികളെല്ലാം നിയതി സ്ത്രീക്കായി കല്‍പ്പിച്ചു തന്നിരിക്കുകയാണു. സ്ത്രീ അവളുടെ തന്നെ ശത്രുവാകുന്നതിനെകുറിച്ച്‌ പുരുഷന്മാര്‍ പ്രബന്ധമെഴുതിയും, സീരിയല്‍ പിടിച്ചും, അമിതാഹ്ലാദത്തോടെ പ്രസംഗങ്ങള്‍ നടത്തിയും ഏതു വേദിയിലും ഉറക്കെ പ്രസ്താവിച്ചും സ്ഥിരമായി കയ്യടി വാങ്ങാറുണ്ട്‌. കയ്യടിക്കുന്നവരുടെ കൂട്ടത്തില്‍ മിക്കപ്പോഴും നാം സ്ത്രീകളുമുണ്ട്‌. ഏതു പുരുഷന്റെയും വിജയത്തിനു പിന്നിലെ സത്യം ഒരു സ്ത്രീയാണെന്നു കേട്ടു നാം കോരിത്തരിക്കയും, നിര്‍വൃതിയടയുകയും സ്വന്തം വ്യക്തിത്വത്തെ മറന്നുപോവുകയും ചെയ്യുന്നു.

.
തോല്‍വിയിലേക്ക്‌ അതിവേഗം കുതിച്ചുകൊണ്ടിരുന്ന ഒരു രഥചക്രത്തിന്റെ ഗതി വിജയത്തിലേക്കു തിരിച്ചുവിടാന്‍ സ്വന്തം കൈവിരല്‍ തന്നെ ദാനം നല്‍കി ഒരു മഹായുദ്ധത്തില്‍ നിന്നു രാജ്യത്തെ രക്ഷിച്ച്‌ ഭര്‍ത്താവിന്റെ അഭിമാനം സംരക്ഷിച്ചു കൈകേയി. വീരശൂരപരാക്രമികളായ അഞ്ചു ഭര്‍ത്താക്കമാരുടെ പട്ടമഹിഷിപദം അലങ്കരിച്ചിരുന്ന ദ്രൗപതി. മാനം കാക്കേണ്ട ഭര്‍ത്താക്കന്മാര്‍ അവളെ ദുര്‍വ്യയം ചെയ്യുകയും പണയപണ്ടമാക്കുകയും ചെയ്ത ദുരവസ്ഥ. എന്നിട്ടും വനവാസത്തിലും, അജ്ഞാതവാസത്തിലുമെല്ലാം ഭര്‍ത്താക്കന്മാരെ അനുഗമിച്ച്‌ ഒടുവില്‍ വിരാട രാജ്ഞിയുടെ ദാസ്യപ്പണി വരെ ചെയ്യേണ്ടി വന്ന മഹാഭാരത കഥകളിലെ റാണി. ശ്രീരാമന്റെ പ്രിയപത്നി സീതയുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. അവള്‍ക്കു വേണമെങ്കില്‍ ഒഴിവാക്കാമായിരുന്ന വനവാസം, അതിലൂടെ എത്തിച്ചേര്‍ന്ന അപഹരിക്കപ്പെടലിന്റെ ദുരൂഹതകള്‍. തെളിയിക്കപ്പെടാനാവാതെപോയ പാതിവൃത്യം.

.
എന്തിനു പുരാണങ്ങള്‍ ചിക്കിചികയണം? ബ്രിട്ടിഷ്‌ പ്രധാന മന്ത്രിയായിരുന്ന മാര്‍ഗരറ്റ്‌ താച്ചര്‍ മുതല്‍ ഇന്‍ഡ്യയുടെ എക്കാലത്തെയും അഭിമാനമായ ഇന്ദിരാഗാന്ധിയില്‍ തുടങ്ങി, വര്‍ത്തമാനകാലത്തില്‍, ആദിവാസി ഗോത്ര മഹാസഭയുടെ, പണ്ട്‌ നാം പടിപ്പുരക്കു പുറത്തുനിര്‍ത്തി സംസാരിക്കാനിഷ്ടപ്പെട്ടിരുന്ന ഒരു വര്‍ഗ്ഗത്തിന്റെ അവകാശങ്ങള്‍ക്കു വേണ്ടി ധീരധീരം പോരാടുന്ന സി.കെ.ജാനു വരെയുള്ള സ്ത്രീകളുടെ നീണ്ട നിരയെ ആരാധനയോടും, അഭിമാനത്തോടും കൂടെയല്ലാതെ എങ്ങനെ നോക്കിക്കാണും.
എന്നാല്‍ സര്‍വ്വത്ര അവഗണിക്കപ്പെടുന്നു സ്ത്രീകള്‍, ക്രൂശിക്കപ്പെടുന്ന സ്ത്രീത്വം. അവള്‍ക്കുവേണ്ടി വാദിക്കുകയും, എഴുതുകയും അവളെ സംരക്ഷിക്കുകയും ചെയ്യുന്നവരെ മറന്നുകൊണ്ടല്ല ഈ എഴുത്ത്‌.

മറുവശം അവളോ? എത്ര സ്ത്രീപക്ഷവാദിയാണെങ്കിലും ഉള്ളിന്റെ ഉള്ളില്‍ പുരുഷമേധാവിത്വവും, അവനോടുള്ള വിധേയത്വവും, നൂറ്റാണ്ടുകളുടെ ആയുസ്സെത്തിയ ആല്‍മരത്തിന്റെ പ്രൗഡ്ഡിയോടെ വേരുറച്ചു വിലസുകയാണ്. സ്ത്രീയെ സ്വാധീനിക്കുന്ന ശക്തികള്‍ അവള്‍ ജനിക്കുന്നതിനു മുന്‍പ് രക്തത്തില്‍ വേരോടിത്തുടങ്ങുന്നു. അവ മുത്തച്‌ഛന്‍, അച്‌ഛന്‍, സഹോദരന്‍, കാമുകന്‍, ഭര്‍ത്താവ്‌, മകന്‍ എന്നീ പേരുകളില്‍ അവളെ വേട്ടയാടുന്നു.
ദന്തരോഗവുമായി ആശുപത്രിയില്‍ എത്തിയ അവള്‍ പുരുഷ ഡോക്ടറെ കാണുന്നു. തുണിക്കടയില്‍ സെയില്‍സ്‌മാനെ തിരയുന്നു, വക്കീലാഫീസില്‍ പുരുഷ വക്കീലും, പുരുഷബോസുമാരും, എന്തിനേറെ, ഒരു രഹസ്യം പങ്കുവെക്കണമെങ്കില്‍ കൂടി, ഹൃദയത്തോട്‌ ഏറ്റം ചേര്‍ന്നു നില്‍ക്കുന്ന ഒരു സ്ത്രീയെ തഴഞ്ഞു പുരുഷനെ തിരഞ്ഞെടുക്കുവാനുള്ള വ്യഗ്രത. അങ്ങനെ സര്‍വ്വത്ര പുരുഷമയമായിത്തീരുന്നു അവളുടെ ജീവിതം.
.

ഒരു അനുഭവം ഇവിടെ കുറിക്കുകയാണു.ആദ്യപ്രസവത്തിനു ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്ത ദിവസം. കന്നിപ്രസവത്തിന്റെ സര്‍വ്വ ആകുലതകളുമായി അച്‌ഛന്‍,അമ്മ, ഭര്‍ത്താവ്‌ സഹോദരന്‍, എന്നിവരെല്ലാം റിസപ്ഷനില്‍ കാത്തുനില്‍ക്കുന്നു. ഒരു ദിനം നീണ്ട കഠിനനോവിനൊടുവില്‍ ലേബര്‍റൂമിലേക്ക്‌ കൊണ്ടുപോകുന്ന നേരമായി. അമ്മയോ, ഭര്‍ത്താവോ ആരെങ്കിലും ഒരാള്‍ ലേബര്‍ റൂമില്‍ നില്‍ക്കാനുള്ള അനുമതി ഹോസ്പിറ്റല്‍ അധികൃതര്‍ തരുന്നതിനും എത്രയോ മുന്‍പു തന്നെ കൂടെ നില്‍ക്കാനുള്ള അമ്മയുടെ തീരുമാനം വളരെ വൈകിയാണു ഞാനറിഞ്ഞത്‌

എന്നാല്‍ എനിക്കോ? ഒരു നിമിഷം പോലും ആലോചിക്കേണ്ടിവന്നില്ല ഒരു തീരുമാനമെടുക്കാന്‍. ഭര്‍ത്താവിനെ മതിയെന്നുപറഞ്ഞ്‌, വലിയ വയറും താങ്ങി അദ്ദേഹത്തിന്റെ കയ്യില്‍ പിടിച്ച്‌ വീല്‍ചെയറില്‍ ലേബര്‍ റൂമിലേക്കു പോയി. പിന്നെയും മക്കള്‍ പിറന്നപ്പോള്‍ അദ്ദേഹം തന്നെ മതിയെന്നു പറഞ്ഞ്‌ കൂടെനിര്‍ത്തി.
.

പില്‍ക്കാലത്ത്‌ ഞാന്‍ ഉള്ളുപിടഞ്ഞ്‌ സങ്കടപ്പെട്ടിട്ടുണ്ട്‌. ഇരിക്കപ്പൊറുതിയില്ലാതെ, നെഞ്ചിലാളുന്ന തീയുമായി കണ്ണീരു മൂടിയ കണ്ണുകളുമായി പ്രാര്‍ത്ഥനാ മന്ത്രങ്ങളുരുവിട്ട് ലേബര്‍റൂമിനു പുറത്തുനിന്ന അമ്മയെ എത്രപെട്ടന്നാണു ഞാന്‍ നിരാകരിച്ചത്‌.


സത്യത്തില്‍ പുരുഷന്റെ ആശ്രിതയല്ലാതെ എന്താണു ഞാന്‍? എന്നാണു ഈ ആശ്രിതമനോഭാവത്തില്‍ നിന്ന് രക്ഷ നേടാന്‍ കഴിയുന്നത്‌? ഒരു ശരാശരി സ്ത്രീയില്‍ നിന്നു എത്രയോ താഴെയാണു ഞാന്‍. പടര്‍ന്നുകയറാന്‍ പാകത്തിനു വൃക്ഷങ്ങളുടെ ചുവട്ടില്‍ വീണു കിളിര്‍ക്കാന്‍ ഇഷ്ടപ്പെടുന്നവള്‍. എന്നിലെ സ്ത്രീത്വം സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ഒരു നാളെയും കാത്തിരിക്കുന്നു ഞാന്‍.